ക്ഷേത്ര ചരിത്രം

കേരളത്തിലെ പ്രശസ്തമായ പരബ്രഹ്മക്ഷേത്രങ്ങളില്‍ ഒന്നാണ് നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രം. നാനാജാതി മതസ്ഥരുടെ വിശ്വാസകേന്ദ്രമായ ഈ സങ്കേതം മതസൗഹാര്‍ദ്ദത്തിന്‍റെ പ്രത്യക്ഷ പ്രതീകമായി നിലകൊള്ളുന്നു. പടയും പടയോട്ടങ്ങളും പൈതൃകവും ആത്മാഭിമാനവുമായി കാത്തുസൂക്ഷിച്ച രണധീരരുടെ പോരാട്ടങ്ങളുടെ വീരചരിതങ്ങളാല്‍ വിരചിതമായ ചരിത്ര സ്മരണകള്‍ ഇരമ്പുന്ന പടനിലം എന്ന സ്ഥലനാമം ഈ ദേശത്തിന്‍റെ ഇന്നലെകളുടെ പരിശ്ചേദം തന്നെയാണ്. അധികാരികളുടെ ആജ്ഞകള്‍ക്കനുസൃതമായി പരസ്പരം വെട്ടി വീഴ്ത്തുവാനും പിടിച്ചടക്കുവാനുമുള്ള പോരാട്ടത്തിലൂടെ അലയടിച്ച വിലാപങ്ങളും വിജയാരവങ്ങളും അവസാനമില്ലാത്ത യുദ്ധങ്ങളും മനുഷ്യരാശിയുടെ നാശം മാത്രമേ വരുത്തിവയ്ക്കുകയുള്ളൂ എന്ന തിരിച്ചറിവ് അന്യോന്യം കൊന്നൊടുക്കുവാന്‍ ആയുധമേന്തിയ നൂറനാട്ടെ തെക്കും വടക്കും കരകളുടെ കരനാഥന്‍മാരെ ശാശ്വത സമാധാനത്തിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ക്കു നിര്‍ബന്ധിതരാക്കി. അങ്ങനെ നൂറനാട്ടെത്തിച്ചേര്‍ന്ന പാഴൂര്‍ തമ്പുരാന്‍റെ മദ്ധ്യസ്ഥശ്രമങ്ങള്‍ക്കൊടുവില്‍ എന്നേക്കുമായി പടക്കളത്തില്‍ നിന്നും പട ഒഴിഞ്ഞു ശാന്തി പടര്‍ത്തി.

നാട്ടുരാജാക്കന്‍മാരുടെയും അധികാരികളുടെയും നിരന്തര പോരാട്ടങ്ങളിലൂടെ നാശത്തിന്‍റെ വക്കിലെത്തിയ ഒരു ദേശവും, ദാരിദ്ര്യദുഃഖങ്ങള്‍ക്കൊപ്പം പകര്‍ച്ചവ്യാധികളും തീരാരോഗങ്ങളുംകൊണ്ട് പൊറുതിമുട്ടി അതിജീവനത്തിന്‍റെ വഴി അറിയാതെ ദാരുണ മരണങ്ങള്‍ക്ക് കീഴടങ്ങിക്കൊണ്ടിരുന്ന ഒരു ജനതയുമായിരുന്നു യുദ്ധാനന്തരമുള്ള ഈ ദേശത്തിന്‍റെ നേര്‍ച്ചിത്രം. നൂറ് നാടുകള്‍ ഒന്നിച്ച് ഒരുദേശമായി മാറിയ നൂറനാട് നിവാസികള്‍ അനുഭവിക്കുന്ന ദുര്‍ഗതിയ്ക്ക് പരിഹാരമായി ഈ പടഭൂമിയില്‍ വസിക്കുന്ന പരബ്രഹ്മപ്പൊരുളിന് ശക്തിചൈതന്യം കൈവരുത്തി സമസ്താപരാധം ചൊല്ലി, അഭയം പ്രാപിച്ച് ഐശ്വര്യവും ശാന്തിയും സമ്പല്‍സമൃദ്ധിയും കൈവരുത്തുവാനുള്ള ജ്യോതിഷവിശാരദരുടെയും പണ്ഡിതശ്രേഷ്ഠന്മാരുടെയും ഉപദേശപ്രകാരം ദേശവാസികള്‍ പടനിലത്ത് ഏകമയമായ പരബ്രഹ്മസ്വരൂപത്തെ യഥാവിധി പ്രതിഷ്ഠിച്ച് പൂജിച്ച് ആരാധിച്ച് സദ്ഗതി നേടുകയുണ്ടായി. ശ്രീകോവിലും ചുറ്റമ്പലവുമില്ലാതെ ആല്‍ത്തറയില്‍ കുടികൊള്ളുന്ന സദാശിവസങ്കല്‍പ്പത്തിനധിഷ്ഠിതമായ ഓംകാരമൂര്‍ത്തിയുടെ അനുഗ്രഹത്താല്‍ നൂറനാടിന് ദുരിതമുക്തി വന്നു ചേരുകയും ചെയ്തു. അന്നത്തെ പട നടന്ന സ്ഥലത്തെ ചരിത്രശേഷിപ്പുകള്‍ ഇന്നും നിലനിര്‍ത്തി. ആ സ്മരണകളെ അഭിമാനപൂര്‍വ്വം നെഞ്ചിലേറ്റിയ പടനിലം എന്ന നാമത്തില്‍ നൂറനാടിന്‍റെ ഹൃദയമായി പരബ്രഹ്മമൂര്‍ത്തി പരിലസിക്കുന്ന പുണ്യഭൂമിയായി എങ്ങും പ്രസിദ്ധിനേടിയിരിക്കുന്നു. ഒരുമയുടെ ആ നല്ല നാളുകളുടെ ഓര്‍മ്മകളുമായി ഇന്നും എല്ലാവര്‍ഷവും വൃശ്ചികം 1-ാം തീയതി നൂറനാട്ടു തെക്കും വടക്കും കരകളിലെ കരനാഥന്‍മാരും കരക്കാരും പരബ്രഹ്മസന്നിധിയില്‍ ഒരുമിച്ചുചേരുന്ന കരകൂടല്‍ ചടങ്ങ് വരും തലമുറകള്‍ക്കായി ഈ ദേശം പകര്‍ന്നുനല്‍കുന്ന സാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശംകൂടിയാണ്. പ്രശസ്തമായ ഈ ചടങ്ങിന് ദീപം തെളിയിക്കുന്നതിനായി എണ്ണ പകര്‍ന്നു സമര്‍പ്പിക്കുന്നത് പടനിലം ക്ഷേത്രസമീപമുള്ള സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന്‍റെ നേതൃത്വത്തില്‍ ഇടവകയിലെ ഒരു കുടുംബത്തില്‍നിന്നുമാണ്. ഈ മഹനീയ ആചാരം നൂറനാടിന്‍റെ മതസൗഹാര്‍ദ്ദത്തിന്‍റെ പ്രതീകമായി എന്നും വിളങ്ങുന്നു. 28-ാം ഓണം, നവരാത്രി മഹോത്സവം എന്നിവയ്ക്കുപുറമേ 41 ദിവസം നീണ്ടുനില്‍ക്കുന്ന വൃശ്ചിക മണ്ഡലച്ചിറപ്പ് മഹോത്സവം ആചാരനുഷ്ഠാന ചടങ്ങുകളാലും മഹാസമ്മേളനങ്ങള്‍, കാര്‍ഷിക പ്രദര്‍ശനങ്ങള്‍, പുരാരേഖ പുരാവസ്തു പ്രദര്‍ശനങ്ങള്‍, പുസ്തകോത്സവം, പരമ്പരാഗത കലാരൂപങ്ങള്‍, കാര്‍ണിവലുകള്‍, കലാപരിപാടികള്‍ തുടങ്ങിയ വൈവിദ്ധ്യങ്ങളാല്‍ സമ്പന്നമാണ്. മണ്ഡലകാലത്ത് ക്ഷേത്രസന്നിധിയിലെ ഭജനക്കുടിലുകളില്‍ ഭജനം പാര്‍ക്കുന്നവരുടെ എണ്ണം വര്‍ഷംതോറും വര്‍ദ്ധിച്ചുവരികയാണ്. ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിട്ടുള്ള ഇടത്താവളം സ്വാമിഭക്തര്‍ക്ക് ഏറെ ഉപകാരപ്രദമാണ്. ശിവരാത്രി മഹോത്സവത്തിന് എത്തുന്ന നന്ദികേശ്വരരൂപങ്ങള്‍ പാരമ്പര്യ ശില്പനിര്‍മ്മാണ വിദ്യയുടെ ചാരുതയുടെയും വൈദഗ്ധ്യത്തിന്‍റെയും സമന്വയമാണ്. ഏറ്റവും കൂടുതല്‍ നന്ദികേശ നിര്‍മ്മാണം നടത്തുന്ന ശില്പികള്‍ അധിവസിക്കുന്ന നൂറനാടിനെ നന്ദികേശ പൈതൃകഗ്രാമമായി സര്‍ക്കാര്‍തലത്തില്‍ പ്രഖ്യാപിക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ക്ഷേത്രഭരണസമിതി ഏറ്റെടുത്തു നടത്തിവരികയാണ്. സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നമ്മുടെ ക്ഷേത്രം മറ്റുള്ളവര്‍ക്ക് മാത്രകയായി മാറിയിരിക്കുന്നു.

നൂറനാട്, പാലമേല്‍ വില്ലേജുകളിലെ സര്‍ക്കാര്‍ സ്കൂളിലെ എല്‍.കെ.ജി., യു.കെ.ജി. വിഭാഗത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും യൂണിഫോം, 15 കരകളില്‍ ഉന്നതവിജയങ്ങള്‍ കരസ്ഥമാക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ ഗ്രാന്‍റ് ഉള്‍പ്പെടെ നല്‍കുന്ന പരബ്രഹ്മവിദ്യാജ്യോതി പദ്ധതിയും, നിരാലംബരും രോഗികളുമായ നിരവധിപേര്‍ക്ക് ആശ്വാസമായി കടാക്ഷം പദ്ധതിയും, കലാ-സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പരബ്രഹ്മ ചൈതന്യ പുരസ്കാരം ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികള്‍ ക്ഷേത്രഭരണസമിതി നടപ്പാക്കിവരുന്നു. നൂറനാട്, പാലമേല്‍ വില്ലേജുകളിലെ കരകളില്‍നിന്നുള്ള പ്രതിനിധികളാല്‍ ഭരണനിര്‍വ്വഹണം നടത്തപ്പെടുന്ന നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രം ഇന്ന് നാടിനും നാട്ടാര്‍ക്കും ദൂരെദേശങ്ങളില്‍നിന്നും എത്തിച്ചേരുന്ന ഭക്തസഹസ്രങ്ങള്‍ക്കും ആശ്രയമായി അനുഗ്രഹം ചൊരിയുന്നു.